The Armenian Diaries (ദി അർമേനിയൻ ഡയറീസ്)
I wanted to write in my native language, Malayalam, for a long time. So this is an attempt at that.
തുടക്കം : വേണമെങ്കിൽ സ്‌കിപ് അടിക്കാം
ഞങ്ങളുടെ യാത്ര തുടങ്ങുന്നത് വിയർപ്പിന്റെ മണിമുത്തുകൾ തിളങ്ങുന്ന സാമാന്യം ചൂടുള്ള മാർച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച പ്രഭാതത്തിലാണ്. കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് നിന്ന് വെളുപ്പിനെ നാല് മണിക്കുള്ള വിമാനം ആയിരന്നു ഞങ്ങളുടേത്. വീട് തൊടുപുഴ ആയിരുന്നതിനാലും പാതിരാത്രിയിൽ മെനക്കെടാൻ ആരും തയ്യാർ അല്ലാത്തതിനാലും രാത്രി പത്തു മണിയായപ്പോഴേക്കും ഞങ്ങൾ എയർപോർട്ടിൽ എത്തി. എയർ അറേബ്യ ആയിരന്നു ഞങ്ങളുടെ ഫ്ലൈറ്റ്. അവരുടെ ചെക്കിൻ കൌണ്ടർ തന്നെ തുറക്കുന്നത് രണ്ടു മണി ആയപ്പോഴാണ്. അർമേനിയ എന്ന രാജ്യത്തേക്ക് ഒരു ഇന്ത്യൻ പൗരൻ പോകാൻ വേണ്ടി വിസ മുൻകൂട്ടി എടുക്കേണ്ട കാര്യം ഇല്ല. അത് കൊണ്ട് തന്നെ എനിക്ക് ചെറിയ ഒരു പേടി ഉണ്ടായിരുന്നു. ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നില്ല എന്ന് പറഞ്ഞു അവർ തിരിച്ചു വിട്ടാലോ എന്ന്. പക്ഷെ വിധിയുടെ വിളയാട്ടം എന്നല്ലാതെ എന്ത് പറയാൻ. വിസ ഒക്കെ കൂടുതൽ ഒന്നും ചോദിച്ചില്ല. പക്ഷെ റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റ് കാണിക്കാതെ കടത്തി വിടില്ല എന്ന് കൗണ്ടറിൽ ഇരുന്ന പുള്ളിക്കാരി ഒരേ ശാട്ട്യം. കമ്പനി ഞങ്ങളെ ഒരു മാസത്തേക്ക് ഓൺ സൈറ്റ് വിടുന്നതെ ആണ് , ചിലപ്പോ അത് 2 മാസം ആയേക്കും, അതുകൊണ്ടു റിട്ടേൺ ഫ്ലൈറ്റ് ബുക്ക് ചെയ്‌തിട്ടില്ല എന്ന് പറഞ്ഞിട്ട് ചേച്ചി ഒരു രീതിയിലും അടുക്കുന്നില്ല. അത് വഴി കറങ്ങി നടന്ന മാനേജരും അവിടെ എത്തി കാര്യങ്ങൾ പരിശോധിച്ച് കൗണ്ടറിൽ ഇരുന്ന ചേച്ചിയുടെ അതെ തീരുമാനത്തിൽ എത്തിച്ചേർന്നു. ഉണർന്നു എന്റെ മനസിലെ അഭിമാനി. ഒരു മിനിറ്റ് എന്ന് ചേച്ചിയോട് പറഞ്ഞു ക്യാൻസൽ ചെയ്യാൻ പറ്റുന്ന 2 ടിക്കറ്റ് ആപ് വഴി ബുക്ക് ചെയ്തു ഫോൺ നീട്ടി. പുള്ളിക്കാരിയും പിറകിൽ നിന്ന മാനേജരും തീരെ പ്രതീക്ഷിച്ചില്ല ആ നീക്കം. അവർക്കു വേറെ നിവർത്തി ഉണ്ടായിരുന്നില്ല. ബാഗ് ടാഗ് ചെയ്തു ടിക്കറ്റ് പ്രിന്റ് അടിച്ചു തന്നു. പിന്നെ ഇമ്മിഗ്രേഷൻ കൗണ്ടർ. അവിടെയും ഞാൻ ഒരു ചതി പ്രതീക്ഷിച്ചിരുന്നു. പക്ഷെ അവിടെ ഉണ്ടായിരുന്ന ആൾ കുറച്ചു ലോക പരിചയം ഉണ്ടായിരുന്ന ആൾ ആണെന്ന് തോന്നി. സംസാരത്തിലും പെരുമാറ്റത്തിലും ഒരു മയം, ഒരു മൃദുത്വം. എന്താണ് ചെയ്യുന്നത്, എന്തിനാണ് പോകുന്നത് എന്ന ചോദ്യങ്ങൾക്കു വളരെ സൗമ്യമായി ഉത്തരം കൊടുത്തു. പാസ്സ്പോർട്ടും ടിക്കറ്റും കാണിച്ചു. അദ്ദേഹം സീൽ അടിച്ചു തന്നു.
അങ്ങനെ ആ കടമ്പ കടന്നു, ഇനി ഫ്ലൈറ്റ് കഥ
പറഞ്ഞ സമയത്തു തന്നെ ഫ്ലൈറ്റ് എടുത്തു. ഞങ്ങളുടെ ലേഓവർ ഷാർജ-യിൽ ആയിരന്നു. രണ്ടര മണിക്കൂർ കൊണ്ട് ഞങ്ങൾ ഷാർജ എത്തി. അവിടുന്നു ഒന്നര മണിക്കൂറിനുള്ളിൽ അടുത്ത് ഫ്ലൈറ്റ്, അർമേനിയയുടെ തലസ്ഥാനമായ യെരവാനിലേക്. അങ്ങോട്ടുള്ള യാത്രയിൽ എന്റെ അടുത്ത് ഇരുന്നത് ഒരു പഞ്ചാബി സ്ത്രീയും കുട്ടിയും ആയിരന്നു. ആ ഫ്ലൈറ്റിൽ ആകെ കൂടി വളരെ വിരലിൽ എണ്ണാവുന്ന ഇന്ത്യക്കാർ ആണ് ഉണ്ടായിരുന്നുള്ളു. ഒരു യാത്ര പോകുമ്പോ സ്വാഭാവികമായും നമ്മുടെ ഒക്കെ ഉള്ളിൽ പുതിയ ആൾക്കാരെ കാണണം, പരിചയപ്പെടണം, സ്ഥലങ്ങൾ കാണണം, പുതിയ ഭക്ഷണങ്ങൾ ട്രൈ ചെയ്യണം എന്നൊക്കെ ആയിരിക്കുമല്ലോ. എന്റെ മനസിലും അതൊക്കെ തന്നെ. കാര്യം പറഞ്ഞ ഇന്ത്യക്കാരൻ ഒക്കെ ആണെങ്കിലും എന്റെ ഹിന്ദി അത്ര പോരാ. പഞ്ചാബി സ്ത്രീ എന്നോട് ഭാജി എന്നൊക്കെ വിളിച്ചു ആവുന്നത്ര സംസാരിക്കാൻ ശ്രമിച്ചു. ഞാനും എന്റെ പരമാവധി ശ്രമിച്ചു. എട്ടാം ക്ലാസ് വരെ പഠിച്ച എല്ലാ ഹിന്ദിയും ഞാൻ ഉപയോഗിക്കാൻ പറ്റുന്ന രീതിയിലും, ഉപയോഗിക്കാൻ പറ്റാത്ത രീതിയിലും ഉപയോഗിച്ചു. പിന്നെ നമ്മുടെ "സിന്ദഗി ന മിലേഗി ദൊബാര" മനസ്സിൽ ധ്യാനിച്ചു ഒരു പിടി അങ്ങ് പിടിച്ചു. അവസാനം എനിക്ക് മനസിലായത് പുള്ളിക്കാരിയുടെ ഹസ്ബന്റിനു അർമേനിയിൽ എന്തോ ബിസിനെസ്സ് ഉണ്ട്. അപ്പൊ പുള്ളിക്കാരി വെക്കേഷന് പോകുവാണ്, വിത്ത് കുട്ടി. മൂന്നു മണിക്കൂർ ആയിരന്നു ആ ഫ്ലൈറ്റ്. അത് ഇറങ്ങിയപ്പോ എന്റെ മനസ്സിൽ ഒരേ ഒരു വികാരം മാത്രം. ഒരു ഉപ്പിട്ട സോഡാ കിട്ടിരുന്നെങ്കിൽ എന്ന്. അത്രക്ക് ക്ഷീണിച്ചു പോയി ഞാൻ എന്റെ ഹിന്ദി പ്രയോഗത്തിൽ.
അർമേനിയയിൽ കാലുകുത്തൽ
ഇനി ഇവിടെ എന്തൊക്കെ സിബിഐ മോഡൽ ചോദ്യം ചെയ്യൽ കഴിഞ്ഞാൽ ആണ് വിസ ഒക്കെ തരുന്നത് എന്ന് ആലോചിച്ചു ഒരു ക്യൂ-ഇൽ ചെന്ന് നിന്നു. ആദ്യം ഇമ്മിഗ്രേഷൻ. അവിടെ ചെന്നു നിന്നു എന്റെ പാസ്സ്‌പോർട്ട് കൊടുത്തു. എന്റെ പാസ്സ്പോർട്ടിലെ ഫോട്ടോ കണ്ടാൽ എന്റെ പെറ്റമ്മ പോലും എന്നെ തിരിച്ചറിയില്ല എന്നുള്ള സത്യം പതിയെ എന്റെ മനസ്സിൽ തെളിഞ്ഞു. കോളേജിൽ പഠിക്കുന്ന കാലത്തു എടുത്ത പാസ്സ്‌പോർട്ട് ആണ്. കൗണ്ടറിൽ ഇരുന്ന ഉദ്യോഗസ്ഥൻ തിരിച്ചും മറിച്ചും നോക്കി. ചുരണ്ടി നോക്കി. എന്നിട്ടു എന്നോടു കണ്ണാടി ഊരാൻ പറഞ്ഞു. എന്റെ സൈഡ് ലുക്ക് കാണാൻ വേണ്ടിയാണോ എന്തോ അപ്പുറത്തെ വശത്തേക്കു നോക്കാൻ പറഞ്ഞു. അവസാനം ദയ തോന്നിയിട്ടാവണം, അയാൾ സീൽ അടിച്ചു തന്നു.
ഇനി വിസ എടുക്കണം. അതിന്റെ കൗണ്ടർ, ബാഗ് എടുക്കുന്ന കൗണ്ടർന്റെ തൊട്ടു അടുത്തു തന്നെ ആയിരന്നു. എന്റെ ഊഴം എത്തിയപ്പോ അയാൾ ചോദിച്ചു എത്ര ദിവസം. ഞാൻ പറഞ്ഞു ഞങ്ങൾ രണ്ടു പേര് ഉണ്ട്, 34 ദിവസത്തേക്ക് ഉള്ള വിസ വേണം എന്ന്. 64 ഡോളർ എന്ന് അയാൾ പറഞ്ഞു. എന്നിട്ടു ഒരു രസീതും തന്നു. അപ്പുറത്തെ കൗണ്ടറിൽ കാണിക്കാൻ പറഞ്ഞു. അപ്പുറത്തെ കൗണ്ടറിൽ രസീതും പാസ്സ്പോർട്ടും കൊടുത്തു. മുഖം ഉയർത്താതെ തന്നെ വിസ അടിച്ചു തന്ന ആ മനുഷ്യനെ ഞാൻ ഒരിക്കലും മറക്കില്ല. അടിച്ചു തന്ന വിസ വിശദമായി ഒന്ന് നോക്കിയപ്പോ കണ്ണു നിറഞ്ഞു പോയി. 34 ചോദിച്ചപ്പോ അടിച്ചു തന്നിരിക്കുന്നത് 120 ദിവസത്തെ വിസ ആണെന്ന്. കൗണ്ടറിൽ ഇരുന്ന മനുഷ്യൻ ദൈവതുല്യൻ ആയി. മല പോലെ വന്നത് കൃമി പോലെ ആയി എന്ന് പറഞ്ഞ അവസ്ഥ. നാട്ടിലെ ഫ്ലൈറ്റ് ന്റെ കൗണ്ടറിലെ ചോദ്യം ചെയ്യൽ കണ്ടപ്പോ ഇവിടെ ഇനി എന്തൊക്കെ ആണോ എന്നൊക്കെ വിചാരിച്ചത് എല്ലാം വെറുതെ.
അങ്ങനെ അവിടുന്നു വിസയും കിട്ടി ബാഗും എടുത്തു പുറത്തു ഇറങ്ങുന്നതിനു മുൻപ് ബീ-ലൈൻ (Beeline) ന്റെ ഒരു സിംകാർഡ് കൂടി എടുത്തു ഞങ്ങൾ. പാസ്പോർട്ട് മാത്രം കൊടുത്ത മതി അവിടെ. 5000 അർമേനിയൻ draam (~ 700 INR ) ആയിരുന്നു അതിന്റെ വില. Beeline ഉം Ucom ഉം ആണ് അവിടുത്തെ വല്യ ഫോൺ സർവീസ് കമ്പനികൾ. പുറത്തേക്കു ഇറങ്ങിയപ്പോ ഒരു ചെറിയ മഴ ഉണ്ടായിരുന്നു. ടാക്സിയിൽ കയറിയപ്പോ ആണ് മനസിലായത് മഴയുടെ കൂടെ ചെറിയ മഞ്ഞിൻ തരികൾ കൂടി പെയ്യുന്നുണ്ടായിരുന്നു എന്ന്. കാറിൽ ഇരുന്നു യാത്ര ചെയ്യുമ്പോൾ ഇവിടുത്തെ കെട്ടിടങ്ങളുടെ ഭംഗി എന്നെ വല്ലാതെ ആകർഷിച്ചു. പല വർണ്ണങ്ങളിൽ ഉള്ള കല്ലുകൾ കൊണ്ടു പണിത കെട്ടിടങ്ങൾ ഉണ്ട് ഇവിടെ. ഒന്നും ഒരു പോലെ ഇരിക്കുന്നില്ല. ഇളം കാപ്പിപ്പൊടി തുടങ്ങി പിങ്ക്, കറുപ്പ്, ചുവപ്പു നിറങ്ങളിൽ മാറി മാറി മിന്നി മറയുന്ന കെട്ടിടങ്ങൾ. അതിൽ കറുപ്പ് കെട്ടിടങ്ങൾ ഇളം മഴയത്തു ഈറനണിഞ്ഞു ജീവിക്കുകയാണെന്നു തോന്നും. വല്ലാത്തോരു വശ്യത. [പിന്നീട് എനിക്ക് മനസിലാക്കാൻ കഴിഞ്ഞു, ഈ കെട്ടിടങ്ങൾ ഉണ്ടാക്കിയിരിക്കുന്നതെ ഇവിടുത്തെ അഗ്നിപർവ്വതങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്നു വെട്ടി എടുക്കുന്ന "തൂഫ് " എന്ന് വിളിക്കുന്ന കല്ലുകൾ കൊണ്ട് ആണ് എന്ന് . അതു കൊണ്ട് തന്നെ തീയിൽ കുരുത്ത അവയുടെ അമാനുഷിക ഭംഗി പുറത്തു വരുന്നത് മഴയുമായി സംവദിക്കുമ്പോൾ ആണ്.]
താമസം ഒക്കെ കമ്പനി അറേഞ്ച് ചെയ്‌തിട്ടുണ്ടായിരുന്നു. അത് കൊണ്ട് ഞാൻ അതിലേക്കു അധികം കടക്കുന്നില്ല. (5 സ്റ്റാർ സെറ്റപ്പ് ആയിരന്നു എന്നൊക്കെ പറഞ്ഞു തുടങ്ങാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. ഒരിക്കലും കള്ളം പറയരുത് എന്ന് അമ്മ പറഞ്ഞിട്ടുണ്ട് :P ) ഇനി ഞങ്ങൾ പോയ സ്ഥലങ്ങളെക്കുറിച്ചു ആണ് പറയാൻ പോകുന്നത്.
ഒന്നാം സ്ഥലം: കർത്താവ് വരെ ജാക്കറ്റ് ഒക്കെ ഇട്ടു പുതച്ചു ഇരിക്കുന്നു
സെവാൻ തടാകം . അർമേനിയ മുഴുവനും കരയാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു രാജ്യം ആണ്. അങ്ങ് കിഴക്കു അസർബൈജാനും പടിഞ്ഞാറ് തുർക്കിയും വടക്കു ജോർജിയയും തെക്ക് ഇറാനും ആണ് അർമേനിയ്ക്കു അതിർത്തികൾ. ഇങ്ങനെ കടലുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കടൽ തീരം പോലും ഇല്ലാത്ത അർമേനിയ്ക്കു ആകെ ഉള്ള ഏറ്റവും വലിയ ജലാശയം ആണ് സെവാൻ തടാകം. അത് കൊണ്ട് തന്നെ സെവൻ തടാകം അർമേനിയക്കാർക്ക് ഒരു വികാരം ആണ്. വേനൽ ആയി കഴിഞ്ഞാൽ ചുറ്റു പ്രദേശങ്ങളിൽ ഉള്ളവർ എല്ലാവരും അവധി ദിവസങ്ങളിൽ സമയം ചെലവഴിക്കുക ഇവിടെ ആയിരിക്കും.
തടാകത്തിന്റെ ഭംഗി ആസ്വദിച്ചും തടാകത്തിൽ നീന്തിയും അവിടെ നിന്നുള്ള മഞ്ഞു മൂടിയ മലനിരകളുടെ ഭംഗി ആസ്വദിച്ചും സമയം പോകുന്നത് അറിയുകയെ ഇല്ല എന്നാണ് കൂടെ ഉള്ളവർ പറഞ്ഞത്. തലസ്ഥാന നഗരിയായ യരവനിൽ നിന്ന് രണ്ടു രണ്ടര മണിക്കൂർ കൊണ്ട് ഇവിടെ എത്തിപ്പെടാൻ സാധിക്കും. ഏപ്രിൽ മാസം പകുതിയോടു കൂടി ഞങ്ങൾ പോയപ്പോൾ മഞ്ഞു ഉരുകി തുടങ്ങുന്ന ഒരു കാഴ്ചയായിരുന്നു. എങ്കിലും അപ്പോഴും മഞ്ഞു പെയ്യുന്നുണ്ടായിരുന്നു. കൊടും തണുപ്പ്. ഉറഞ്ഞു കിടക്കുന്ന തൂവെള്ള മഞ്ഞു. ആദ്യമായിട്ടു മഞ്ഞു കാണുമ്പോ ഉള്ള ഒരു വികാരം പറഞ്ഞു അറിയാക്കാവുന്നതിലും അപ്പുറം ആണ്. ആത്മനിർവൃതി. പക്ഷെ അധികം നേരം നീണ്ടു നിന്നില്ല അത്. അസ്ഥിക്ക് പിടിക്കുന്ന തണുപ്പ്. അതിന്റെ കൂടെ കാറ്റും.
വളരെ മനോഹരമായ ഭൂപ്രകൃതം ആണ് സെവാൻ തടാകത്തിന്റേത്. കിഴക്കൻ അര്മേനിയയിൽ സ്ഥിതി ചെയ്യുന്ന ഈ തടാകം ലോകത്തിലെ തന്നെ സമുദ്ര നിരപ്പിൽ നിന്ന് വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വലിയ ശുദ്ധ ജല തടാകങ്ങളിൽ ഒന്നാണ്. 1242 ചതുരശ്ര കിലോമീറ്റർ വിസ്തൃതി ഉള്ള ഈ തടാകം സമുദ്ര നിരപ്പിൽ നിന്നും 6286 അടി ഉയരത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. അർമേനിയയുടെ 90% സീഫുഡ് (മീൻ, കൊഞ്ച്) വരുന്നത് ഈ തടാകത്തിൽ നിന്നാണ്. ഈ രാജ്യത്തിന്റെ ~ 5 % വിസ്തൃതി എടുക്കുന്നത് ഈ തടാകം ആണ്. ബീച്ചുകൾക്ക് പേര് കേട്ടതാണ് ഈ തടാകം. വേനൽ കാലത്തു അർമേനിയയിലെ ഏറ്റവും പോപ്പുലർ ആയിട്ടുള്ള സ്പോട്ട് ആണ് ഇത്. ഈ തടത്തിനു ചുറ്റോടു ചുറ്റും മലകൾ ആണ്. വേനൽ കാലത്തു നല്ല പച്ചപ്പും, മുകളിൽ ഒരു തൊപ്പി പോലെ മഞ്ഞും, മഞ്ഞു കാലത്തു നല്ല തൂവെള്ള നിറത്തിലും പടർന്ന് കിടക്കുന്ന മലനിരകളിൽ 9-ആം നൂറ്റാണ്ടിലെ പല മൊണാസ്ട്രികളും, പള്ളികളും, നല്ല കൊത്തു പണികൾ ഉള്ള കല്ല് പാകിയ സ്മാരകങ്ങളും, 8-ആം നൂറ്റാണ്ടിൽ പണിത Odzaberd എന്ന് പേരുള്ള കോട്ടയുടെ അവശിഷ്ടങ്ങളും ഒക്കെ ആയി വളരെ ആകർഷണീയമാണ്. ചരിത്രപരമായും സാംസ്കാരികമായും സമ്പത്ത് വ്യെവസ്ഥയിലും അർമേനിയയുടെ പ്രധാനപ്പെട്ട ഒരു ഘടകം ആണ് ഈ തടാകം.
ഞങ്ങൾ പോയത് മഞ്ഞു പെയ്യുന്ന സമയത്തു ആണെന്ന് പറഞ്ഞല്ലോ. രണ്ടു ലയർ ജാക്കറ്റ് ഒക്കെ ഇട്ടാണ് പോയത്. എന്നാലും തണുപ്പ് അരിച്ചു കേറുന്നുണ്ടായിരുന്നു. ആദ്യം ഞങ്ങൾ പോയത് Sevanavank എന്ന് പറഞ്ഞ ഒരു മോണാസ്ട്രിയിൽ ആണ്. ഈ തടാകത്തിന്റെ തീര്ത്തു തന്നെ ഒരു കുന്നിന്റെ മുകളിൽ ആയിരന്നു ഇത്. പഴയ കല്ലുകൾ കൊണ്ട് പണിത നല്ല കൊത്തുപണികൾ ഉള്ള ഒരു മൊണാസ്റ്ററി. അവിടെ നിന്നുള്ള തടാകത്തിന്റെ കാഴച വളരെ മനോഹരമായിരുന്നു. അപ്പുറത്തെ വശത്തുള്ള മല നിരകളിൽ മൂടൽ മഞ്ഞു മറച്ചതിനാൽ കുറച്ചേ കാണാൻ പറ്റുന്നുണ്ടായിരുന്നുള്ളു.
രണ്ടാം സ്ഥലം: കർത്താവു കുരിശിൽ തന്നെ കിടക്കുന്നു
അവിടെ നിന്ന് ഒരു ചായ ഒക്കെ കുടിച്ചു ഞങ്ങൾ പോയത് Haghartsin Monastery യിലേക്ക് ആണ്. ഒരു 2 മണിക്കൂർ എടുത്തു അവിടെ എത്താൻ. Dilijan എന്ന ടൗൺ ന്റെ അടുത്ത് ആണ് ഈ മൊണാസ്റ്ററി. യെരെവാൻ ന്റെ അടുത്തുള്ള വല്യ ടൗണുകളിൽ ഒന്നാണ് Dilijan. ഒരു കുന്നിൻ പ്രദേശം ആണ് സ്ഥലം. അപ്പുറത്തെ മല മഞ്ഞു കാരണം ഇടയ്ക്കു കാണാൻ പറ്റാതെ ആവും. ഇടയ്ക്കു കാറ്റ് അടിക്കുമ്പോ മഞ്ഞു മാറി നല്ല ദൂര കാഴ്ച്ച കിട്ടും. ഇടയ്ക്കു ചാറ്റൽ മഞ്ഞും മഴയും കൂടിയ ഒരു അവസ്ഥയും ഉണ്ടായിരുന്നു. Dilijan നാഷണൽ പാർക്കിന്റെ പരിധിയിൽ ആണ് ഈ മൊണാസ്റ്ററിയും സ്ഥിതി ചെയ്യുന്നത്. 10 -ആം നൂറ്റാണ്ടിനും 13-ആം നൂറ്റാണ്ടിനു ഇടയിൽ ആണ് ഇതു പണി കഴിപ്പിച്ചിട്ടുള്ളത്. മുഴുവനും കല്ലിൽ ആണ് പണിതിട്ടുള്ളത്.
നേരത്തെ പറഞ്ഞത് പോലെ ഈ കല്ലുകൾ ഓരോ കാലാവസ്ഥയിലും ഓരോരോ നിറങ്ങൾ ആയിരിക്കും. വെയിൽ ഒക്കെ ആയി ഒരു ഉണങ്ങിയ കാലാവസ്ഥ ആണെങ്കിൽ ഒരു മങ്ങിയ ലൈറ്റ് ബ്രൗൺ കളർ ആയ്‌രിക്കും ഈ മൊണാസ്റ്ററിക്ക്. മഴയോ മഞ്ഞോ ഒക്കെ പെയ്തു ഒരു നനഞ്ഞ അവസ്ഥ ആണെങ്കിൽ നല്ല ജീവനുള്ള ആകർഷണീയമായ ഒരു ബ്രൗൺ കളർ ആയിരിക്കും.
ഇത് ഒരു ഒറ്റ കെട്ടിടം അല്ല. ഇവിടെ മൊത്തം ആറോളം കെട്ടിടങ്ങൾ ഉണ്ട്. മൂന്നു പള്ളികളും അതിനോടു അനുബന്ധിച്ച കെട്ടിടങ്ങളും. 16 മുഖങ്ങൾ ഉള്ള കമാനങ്ങളോട്(Arches) കൂടിയ താഴികക്കുടം(Dome) ആണ് അവിടുത്തെ മെയിൻ പള്ളി ആയ St. Astvatsatsin Church നു ഉള്ളത്. ചരിത്രപരമായി വളരെ താല്പര്യം ഉള്ളവർക്ക് സമയം ചെലവഴിക്കാൻ നല്ല ഒരു സ്ഥലം ആണ് ഇത്. ഒരു മണിക്കൂറിൽ താഴെ ആണ് ഞങ്ങൾ അവിടെ ചെലവഴിച്ചുള്ളൂ.
മൂന്നാം സ്ഥലം: കർത്താവു ഓൺ അഡ്വെഞ്ചർ മോഡ്
Haghartsin Monastery യിൽ നിന്ന് ഞങ്ങൾ പോയത് Yell Exterme Park ലേക്ക് ആണ്. ഇത് അർമേനിയയിലെ ആദ്യത്തെ അഡ്വെഞ്ചർ പാർക്ക് ആണ്. യെരെവാനിൽ നിന്നും രണ്ടര മണിക്കൂർ യാത്ര മതി ഇവിടേക്ക്. ജോർജിയിലെ ടിബിലിസിയിൽ നിന്നും ഏകദേശം അത്ര തന്നെ സമയം മതി ഇവിടെ എത്തി ചേരാൻ. Yenoqavan മലനിരകളിൽ ആണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. അവിടെ എത്തിയപ്പോൾ, ആ ഒരു ഭൂപ്രതൃതിയും കാലാവസ്ഥയും, എല്ലാം കൊണ്ടും അവിടുത്തെ വായുവിൽ സാഹസികതയും ത്രസിപ്പിക്കുന്ന ഉന്മേഷവും നിറഞ്ഞു നിൽക്കുന്ന പോലെ തോന്നി.
2015-ഇൽ തുടങ്ങിയ ഈ പാർക്ക് ഈ ഒരു പ്രദേശത്തെ ഏറ്റവും വ്യെത്യസ്ഥവും വലുപ്പമേറിയതും കൂടുതൽ ആക്ടിവിറ്റികൾ ഉള്ളതും ത്രസിപ്പിക്കുന്നതും ആയ അഡ്വെഞ്ചർ പാർക്ക് ആണ്. സിപ്-ലൈനിങ്, പാരാ ഗ്ലൈഡിങ്, Via Ferrata തുടങ്ങി പത്തോളം വിവിധ അഡ്വെഞ്ചർ ആക്ടിവിറ്റികൾ ഉണ്ട് ഇവിടെ. ഞങ്ങൾ ഇവിടെ ചെയ്തത് സിപ്-ലൈനിംഗും Via Ferrata-ഉം റോപ്പ് ക്ലൈമ്പിങ് ആക്ടിവിറ്റീസും ആണ്.
ഇവിടുത്തെ സിപ്-ലൈനിങ് പല മലനിരകൾക്കിടയിലൂടെ ആണ്. 150 മീറ്റർ മുതൽ മുക്കാൽ കിലോമീറ്ററോളം നീളം വരുന്ന 6 സിപ്-ലൈനുകൾ ആണ് ഇവിടെ ഉള്ളത്. ഈ സിപ്-ലൈനുകൾ താഴെ ഉള്ള മലയിടുക്കുകളിൽ നിന്ന് ഏകദേശം 300 മീറ്റർ ഉയരത്തിൽ ആണ്. ഏറ്റവും നീളമുള്ള സിപ്-ലൈനിൽ ഒരു 70-80 km/h സ്പീഡ് വരെ എത്തും. ഓരോ സിപ്-ലൈനും ഓരോ മലകളിൽ ആയത് കൊണ്ട് ഒരെണ്ണം കഴിഞ്ഞു കുറച്ചു നടന്നു വേണം അടുത്തതിന്റെ സ്ഥലത്തു എത്താൻ. ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ച ഒരു ആക്ടിവിറ്റി ആയിരുന്നു ഇത്. ഒരു സിപ്-ലൈൻ ഒഴിച്ചാൽ ബാക്കി ഒരെണ്ണത്തിന്റെ പോലും അറ്റം കാണാൻ പറ്റില്ലായിരുന്നു. മഞ്ഞു മൂടിയ ഒരു കാലാവസ്ഥ ആയിരുന്നു.ഇടക്കിടക്കു കാറ്റടിക്കുമ്പോൾ മഞ്ഞു മാറി അപ്പുറത്തെ മലനിരകളും താഴെ ഭീകര കൊക്കകളും ഒക്കെ കാണുമ്പോൾ പറഞ്ഞു അറിയിക്കാൻ വയ്യാത്ത ഒരു അനുഭൂതി ആണു. വളരെ വളരെ ഭംഗിയുള്ള ഒരു ലാൻഡ്‌സ്‌കേപ്പ് ഉം ആവശ്യത്തിനു അഡ്രെനാലിനും നല്ല തൂവെള്ള മഞ്ഞും ഇടയ്ക്കു മഴയും. ആഹാ അന്തസ്.
ഞങ്ങളുടേത് ഒരു വല്യ ഗ്രൂപ്പ് ആയിരുന്നു. അതു കൊണ്ട് തന്നെ എല്ലാവരും ഇത് തീർത്തു വന്നപ്പോഴേക്കും നല്ല സമയമെടുത്തു. ഇതിനു ശേഷം ഞങ്ങൾ ചെയ്തത് Via Ferrata ആണു. ഇത് സംഭവം എന്താണെന്നു വച്ചാൽ കുത്തനെ ഉള്ള മലയുടെ സൈഡിൽ കൈ പിടിക്കാൻ സ്റ്റീൽ റോപ്പ് ഉം ചവിട്ടാൻ ഇരുമ്പു കമ്പി കൊണ്ടുള്ള സ്റ്റെപ് ഒക്കെ ഉറപ്പിച്ച ഒരു ട്രെയിൽ ആണ്. സേഫ്റ്റി ഗിയർ ഒക്കെ ധരിച്ചു വേണം ഇതു ചെയ്യാൻ. നമ്മുടെ ബോഡിയിൽ ഉള്ള ബെൽറ്റിൽ ഘടിപ്പിച്ച രണ്ടു harness കൾ ഈ സ്റ്റീൽ റോപ്പിൽ കുടുക്കും. പിന്നെ നമ്മൾ ഓരോരോ ചുവടു വച്ചു പോവുകയാണ്. ഇടയ്ക്കു സ്റ്റീൽ റോപ്പ് പാറയിൽ ഉറപ്പിച്ചിരിക്കുന്ന പോയിന്റ് എത്തുമ്പോൾ നമ്മുടെ harness ന്റെ ഒരെണ്ണം ഇപ്പുറത്തെ സൈഡിൽ നിന്നും വിടുവിച്ചു അപ്പുറത്തെ സൈഡിൽ ഘടിപ്പിക്കണം. ഒരെണ്ണം ഇങ്ങനെ ചെയ്തു കഴിഞ്ഞു മറ്റേതും ഇത് പോലെ മാറ്റി ഇടണം. ഇങ്ങനെ ആണ് നമ്മൾ മുൻപോട്ടു പോകുന്നത്. ആദ്യം എളുപ്പം ആണെന്ന് തോന്നുവെങ്കിലും ഇതിനും അതിന്റെതായ ബുദ്ധിമുട്ടു ഉണ്ട്. ഇത് ഇപ്പോഴും നേരെ ആയിട്ടുള്ള ഒരു പാത അല്ല. ചിലപ്പോ ഒരു ഇറക്കാൻ പോലെ ഉണ്ടാവും, ചിലപ്പോ കയറ്റം. ചിലപ്പോ ഒരു പാറയുടെ പൊങ്ങി നിക്കുന്ന മറവു ഒക്കെ ഉണ്ടാവും. ഞങ്ങൾ ഇത് ചെയ്യുമ്പോൾ ഇടയ്ക്കു പാറയുടെ അവിടെ നിന്നുള്ള ചെളിയും, പിന്നെ ഇടയ്ക്കു പെയ്യുന്ന മഴയും മഞ്ഞും. നല്ല സൂപ്പർ അഡ്വെഞ്ചർ കാലാവസ്ഥ. താഴെ ഉള്ള കിടങ്ങു ഒരു 200-300 മീറ്റർ താഴ്ചയിൽ ആയിരുന്നു. ഒരു 250 മീറ്ററോളം ദൂരം ഉണ്ട് ഇത് മൊത്തത്തിൽ.
അതിനു ശേഷം ഞങ്ങൾ പോയത് റോപ്പ് പാർക്കിലേക്ക് ആണു. അവിടെ വിവിധ തരത്തിലുള്ള റോപ്പ് ക്ലൈമ്പിങ് ആൻഡ് obstacle കോഴ്സസ് ആയിരുന്നു.അപ്പോഴേക്കും മുൻപത്തെ ആക്ടിവിറ്റീസും, നല്ല തണുപ്പുള്ള കാലാവസ്ഥയും കാരണം ഞാൻ നന്നെ മടുത്തിരുന്നു. പല മരങ്ങളിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ കയറും നെറ്റും തടിയും ഒക്കെ വച്ച് ഉണ്ടാക്കിയ ഒരു വല്യ കോഴ്സ്. എനിക്കു അത് മുഴുവനും പൂർത്തിയാക്കാൻ സാധിച്ചില്ല. പകുതി ഒക്കെ ആയപ്പോഴേക്കും കൈ മസ്സിൽ ഒക്കെ വേദന എടുക്കാൻ തുടങ്ങി. അപ്പൊ പയ്യെ ഞാൻ സ്കൂട്ട് ആയി എനിക്കും മുൻപേ പരിപാടി നിർത്തിയ ടീമ്സിന്റെ അടുത്ത് പോയി റസ്റ്റ് എടുത്തു.
എല്ലാം കഴിഞ്ഞു തിരിച്ചു മെയിൻ റിസപ്ഷൻ ഏരിയഇൽ എത്തിയപ്പോഴേക്കും സമയം 7 മണി ആയി. ഇതോട് കൂടി അന്നത്തെ കലാപരിപാടികൾ അവസാനിപ്പിച്ച് ഞങ്ങൾ താമസസ്ഥലത്തേക്ക് (യെരെവാൻ) തിരിച്ചു പോകാൻ ഉള്ള പ്ലാനിലേക്കു കടന്നു. പോകുന്ന വഴിക്കു ലെയ്ക് സേവാൻ ന്റെ അടുത്തുള്ള ഒരു ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചു.
നിങ്ങൾക്ക് അർമേനിയ സന്ദർശിക്കാൻ അവസരം കിട്ടുവാണെങ്കിൽ തീർച്ചയായും Yell Exterme Park കൂടി പോകണം എന്നാണ് എന്റെ ഒരു എളിയ അഭിപ്രായം. https://www.yellextremepark.com/
I have put together an experimental video compilation of all the small clips shot on the phone during the travels in 2019. This video includes clips from Armenia Travel too.